Vinaya Vidheya Rama (2019)
നായകന്റെ കുട്ടിക്കാലം കാണിച്ചു തുടങ്ങുന്ന സിനിമകളിൽ തെലുങ്ക് ഇന്ഡസ്ട്രിക്ക് ഒരു പ്രേത്യേകതയുണ്ട്. ചെറുപ്പത്തിൽ അതായത് ഒരു പത്തു വയസ്സിനുള്ളിൽ തന്നെ നായകൻ ഒരു റൗഡിയെയോ ഡോണിനെയോ കൊന്നിരിക്കണം. ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നതിൽ പലതും പഞ്ചു ഡയലോഗുകൾ ആയിരിക്കണം. ഇങ്ങനെയുള്ള സിനിമകളുടെ ഒരു യൂണിവേഴ്‌സ് തന്നെ തെലുങ്കിൽ ഉണ്ട്. അത്തരത്തിൽ ഒരു നായകനാണ് ഇവിടെയും താരം. വേറേ ജോലിയൊന്നും ഇല്ല,അനാഥനായ തന്നെ എടുത്തു വളർത്തിയ 4 ചേട്ടന്മാർക്കു വേണ്ടി എന്തും ചെയ്യുക എന്നതാണ് ജോലി.
Be frank…. തെലുങ്ക് കൊമേർഷ്യൽ സിനിമകളിലെ അതിഭീകര കത്തി സീനുകൾ ഒക്കെ ഒരു പരിധി വരെ ഞാൻ എൻജോയ് ചെയ്യാറുണ്ട്. Legend, Simha പോലുള്ള സിനിമകൾ ഒക്കെ കണ്ടു ഇഷ്ടപ്പെട്ടതുമാണ്. പക്ഷെ എന്തിനും ഒരു ഭയാനക വേർഷൻ ഉണ്ടാകുമല്ലോ..അത്തരത്തിൽ യാതൊരു വിധത്തിലും അംഗീകരിക്കാൻ പറ്റാത്ത ഒരു സിനിമയാണ് ബോയപാട്ടി ഇത്തവണ നൽകിയത്.
ഈ സിനിമയിൽ കാണുന്ന ആക്ഷൻ സീനുകളിലെ കോമഡികൾ പറഞ്ഞാൽ തീരില്ല. നായകൻ അമർത്തി ഒന്ന് ചവിട്ടുമ്പോൾ മുൻപ് അവിടെ അടക്കം ചെയ്ത ശവം വരെ പൊങ്ങി വരുന്ന സീനൊക്കെ സ്പൂഫ് സിനിമകളിൽ പോലും കണ്ടിട്ടില്ല. ഒരു പാമ്പിനെ കൊണ്ട് സ്വയം കടിപ്പിക്കുന്ന വില്ലനും കൊത്തിയ പാമ്പ് ചത്തു പോകുന്നതും ഒക്കെ കണ്ടപ്പോൾ പ്രമുഖ ടീച്ചറെ ഓർത്തപ്പോൾ പ്രാക്ടിക്കൽ ആയി തോന്നി.
മാർവലും ഡീസിയും ഒരുമിച്ചു നിന്നാൽ പോലും ഇല്ലാത്തയത്ര സൂപ്പർ പവറുകൾ നായകൻ ഒരൊറ്റ ടിക്കറ്റിൽ നമുക്ക് കാണിച്ചു തരുന്നുണ്ട്. വിവേക് ഒബറോയ് എറിഞ്ഞ വാളിന്റെ മൂർച്ചയുള്ള വശം ഒരു സ്ഥലത്തു തറച്ചു നിൽക്കുകയും മറുവശം കൊണ്ട് തല മുറിയുന്നതും ഒക്കെ കണ്ടപ്പോൾ ഉണ്ടാകുന്ന സംശയങ്ങളൊക്കെ താനേ മാറും. കാരണം സോഷ്യൽ മീഡിയയിൽ ഹിറ്റായ വെട്ടിയ തലയും കൊത്തി പറക്കുന്ന പരുന്തിന്റെ പിന്നാലെ പോകുന്ന സീൻ നമ്മുടെ എല്ലാം സംശയങ്ങളും തീർക്കുന്നുണ്ട്.
സിനിമ തീരുമ്പോൾ ഉറപ്പായും മനസ്സിൽ വരുന്ന സംശയം എന്തെന്നാൽ മെഗാ ഫാമിലിയിലെ ചെക്കന്മാർക്കിട്ട് ആരോ മനഃപൂർവം പണി കൊടുക്കുന്നത് പോലെയാണ്. സ്വന്തം തിരഞ്ഞെടുപ്പ് ബുദ്ധി തന്നെയാകും ആ പണിയും കൊടുത്തത്. രംഗസ്ഥലം പോലുള്ള സിനിമ ചെയ്തിട്ട് ചരൺ ഇതുപോലെ ഒരു സിനിമയ്ക്ക് എന്തിനു തലവെച്ചു എന്നത് ഉത്തരമില്ലാത്ത ചോദ്യം ആകും. ബോയപാട്ടി ഇതുപോലൊരു കഥ പറഞ്ഞപ്പോളും, സീനുകൾ അഭിനയിച്ചപ്പോഴും ഒക്കെ ചരൺ വല്ല പാരലൽ വേൾഡിലും ആയിരുന്നിരിക്കാം.
ചരണിന്റെ കരിയറിൽ മാത്രമല്ല, ബോയപാട്ടിയുടെ കരിയറിലെയും ഒരു കറുത്ത അദ്ധ്യായം ആണ് ഈ സിനിമ. പ്രേക്ഷകനെ ഒരുപാട് ഒണ്ടാക്കരുത് എന്ന് ഇരുവർക്കും മനസ്സിലായി. ഈ സിനിമയുടെ പരാജയം അവർ അർഹിക്കുന്നത് തന്നെ ആയിരുന്നു. അന്ധവിശ്വാസങ്ങൾ ഒരുപാടുള്ള തെലുങ്ക് ഇൻഡസ്ട്രി ഇതോടുകൂടി ബൊയപാട്ടിയെ സിനിമ എടുക്കുന്നതിൽ നിന്നും നിരോധിച്ചാലും അതിശയിക്കാനില്ല.
NB – ഇത്രയും മോശം റിവ്യൂ വന്നിട്ടും എന്തിനു ഈ സിനിമയുടെ മലയാളം ഡബ്ബിങ് കണ്ടു എന്ന് ചോദിച്ചാൽ… നല്ല സിനിമ ആയാൽ പോലും മലയാളം ഡബ്ബിങ് തനി ദുരന്തം ആകാറുണ്ട്. സൊ ഭൂലോക ദുരന്തവും വൻ ദുരന്തവും കൂടി ചേർന്നാൽ എന്താകും എന്നൊരു ആകാംക്ഷ ഉണ്ടാകില്ലേ..അതന്നെ!
0 Comments