FILM : IMMORTAL (2015)
COUNTRY : IRAN
GENRE : DRAMA
DIRECTOR : HADI MOHAGHEGH
ജീവിതത്തിനും മരണത്തിനുമിടയിലുള്ള ബിന്ദു മുറിച്ചു കടക്കാനാണ് അയാസ് എന്ന വൃദ്ധൻ ആഗ്രഹിക്കുന്നത്. ജീവനും, ഓർമ്മകളും പിന്നിൽ ഉപേക്ഷിക്കാൻ പ്രയാസപ്പെടുന്ന വിധത്തിൽ ജീവിതം അയാളോടെന്തു ചെയ്തു എന്ന സന്ദേഹമാണ് ആദ്യം നമുക്കുണ്ടാവുക. ആത്മപീഡകൾ ജീവിതത്തോടും, വിധികളോടുമുള്ള പ്രതിഷേധങ്ങളായി അയാൾ ദിനംപ്രതി ഏറ്റുപിടിക്കുമ്പോൾ അസ്വസ്ഥമാകുന്നത് പ്രേക്ഷകമനസ്സു കൂടിയാണ്. മരണത്തെ പുൽകാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം ജീവിതത്തെയാണ് ഓർമ്മയിലെത്തിക്കുന്നത്. അനശ്വരതയുടെ വിരിമാറിൽ ചാഞ്ഞുറങ്ങി കാലത്തെ രണ്ടായി മുറിച്ചുകൊണ്ട് അയാൾ പകവീട്ടാൻ ആഗ്രഹിക്കുന്നത് അയാളോട് തന്നെയായിരുന്നോ എന്ന് തോന്നിപ്പോകുന്നു.
അയാസിനെ പരിചരിക്കേണ്ട ബാധ്യത, അവശേഷിക്കുന്ന ഏക കുടുംബാംഗമെന്ന നിലയിൽ ഇബ്രാഹിമിലാണ് വന്നുചേരുന്നത്. ജീവിതം തുടങ്ങാനിരിക്കുന്ന ഇബ്രാഹിം, ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന അയാസ് എന്നീ വൈരുദ്ധ്യങ്ങളെ ഒരു മേൽക്കൂരയ്ക്കുള്ളിൽ നിർത്തി മരണത്തിന്റെ സംഗീതമാകുന്ന ഈച്ചയുടെ മർമ്മരം പിന്നണിയിൽ ഇടയ്ക്കിടെ അകമ്പടിയായി ചേർത്ത് ദൃശ്യങ്ങൾകൊണ്ട് സംവദിക്കുന്ന വിസ്മയമാണ് ഇമ്മോർട്ടൽ. നഷ്ടബോധങ്ങളുടെയും, കുറ്റബോധങ്ങളുടെയും ഭാരം താങ്ങാനാവാതെ തളർന്നു പോകുന്ന അയാൾ ജീവിതത്തിൽ നിന്നുള്ള വിടുതിയ്ക്കായുള്ള ശ്രമങ്ങളെ ഉപേക്ഷിക്കുന്നില്ല. ഭാര്യയുടെ റെക്കോർഡ് ചെയ്ത ശബ്ദം ഏൽപ്പിക്കുന്ന വേദനകളെ ആവർത്തിച്ചു ഉണർത്തുന്ന അയാളോളം സഹതാപം, അയാളുടെ ശ്രമങ്ങളെ തടയാൻ കഷ്ടപ്പെടുന്ന ഇബ്രാഹിമിനും അവകാശപ്പെടാം. അഗ്നി ഭുജിക്കുന്ന ഉണങ്ങിയ പുൽമേടുകളിലൂടെ ജീവിത തൃഷ്ണകളുമായി നടന്നു നീങ്ങുന്ന ഇബ്രാഹിം ഒരു യാദൃശ്ചിക കാഴ്ചയല്ലെന്നു തന്നെയാണ് കരുതുന്നത്. ആശുപത്രി കിടക്കയിലായ വൃദ്ധനായ അയാസിനു കാവലായി വിഷണ്ണ ഭാവത്തിൽ ചാരിയിരിക്കുന്ന യുവാവായ ഇബ്രാഹിമിനു പിറകിലായി അവ്യക്തമായി നടന്നു നീങ്ങുന്ന കുഞ്ഞും വെറും കാഴ്ചയല്ലെന്നു കരുതാനാണ് മനസ്സ് പറയുന്നത്. ആദ്യരംഗത്തിൽ പീഡനമേൽക്കുന്ന ഉറുമ്പുകൾ വീണ്ടുമവതരിക്കുന്ന ദൃശ്യം ഏറ്റവും അസ്വസ്തതയേകുന്ന തരത്തിൽ കർമ്മങ്ങളെയും, കർമ്മഫലങ്ങളെയും കുറിച്ചുള്ള ചിന്തകളെയാണ് എന്നിൽ നിറച്ചത്. ചേതനയറ്റ ശരീരം പോലെ ജീവച്ഛവമായി കഴിയുന്ന അയാൾക്ക് മുൻപേ സ്‌ക്രീനിലെത്തുന്ന വാലാട്ടികൊണ്ടിരിക്കുന്ന പല്ലിയുമെല്ലാം ദൃശ്യഭാഷയുടെ സൂക്ഷ്മമായ സൗന്ദര്യത്തെ കാണിച്ചു തരുന്നു.
ഭാര്യയില്ലാത്ത ജീവിതം ഒരുതരത്തിൽ അയാൾക്ക് മരണതുല്യമാണ്. അവളുടെ സാമീപ്യത്തിലേക്കുള്ള യാത്ര തന്നെയാവണം അയാളുടെ മരണാഭിനിവേശത്തിന്റെ ശക്തി. അതിനായി അയാൾ എതിരിടുന്ന വേദനകൾ അനശ്വരതയുടെ കിരണങ്ങളെ കണ്ടുമുട്ടുമ്പോഴാവണം അയാളുടെ ജീവിതം അർത്ഥവത്തായതും.
2015-ൽ IFFK-യിൽ വലിയ സ്‌ക്രീനിൽ കണ്ട സിനിമ വീണ്ടും കണ്ടപ്പോൾ മനസ്സിൽ ഉദിച്ച ചിന്തകളും, വാക്കുകളുമാണ് മുകളിൽ കുറിച്ചത്. ആദ്യകാഴ്ചയുടെ അനുഭവം ആവർത്തിക്കപ്പെട്ടില്ലെങ്കിലും ഒരു വിങ്ങലായി അവശേഷിക്കാൻ ഇത്തവണയും സിനിമയ്ക്കായി എന്ന് തന്നെ പറയാം. ദൃശ്യഭാഷയാണ് സിനിമയുടെ ശക്തിയും, സൗന്ദര്യവും, ശബ്ദവും. വാക്കുകളെ കവച്ചുവെയ്ക്കുന്ന തരത്തിൽ ദൃശ്യങ്ങൾ മികച്ചു നിൽക്കുന്ന ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇമ്മോർട്ടൽ അത്യുഗ്രൻ അനുഭവം തന്നെയാകും. ഓരോ കാഴ്ചയും, ഓരോ പ്രേക്ഷകനും വേറിട്ട രീതിയിൽ വായിച്ചെടുക്കാൻ വിധം ദൃശ്യബിംബങ്ങൾ നിറഞ്ഞ ഈ സിനിമയുടെ വേറിട്ട വായനകൾക്കായി കാത്തിരിക്കുന്നു.
0 Comments