ഇന്ത്യൻ പതാക ത്രിവർണ്ണം ആണെന്ന് പറഞ്ഞു പഠിച്ചവർ ആണ് നമ്മളിൽ ഭൂരിഭാഗവും.എന്തുകൊണ്ട് അതിലുള്ള നീലനിറം നമ്മൾ കാണാതെ പോയി? ഒരിടത്തും നമ്മൾ നീലയെ പറ്റി പറയാതെ ഇരുന്നു? നീല എന്നാൽ സമത്വം എന്നാണ്..സത്യത്തിൽ ആ സമത്വം നമ്മൾ ഇന്നും വിലകല്പിക്കുന്നില്ല എന്നതിന്റെ ഒരു തെളിവാണോ നീല എന്നും വിസ്മരിക്കപ്പെടുന്നത്?
⭕The Good
നീലം പ്രൊഡക്ഷൻസ് സംവിധായകനായ പാ.രഞ്ജിത്തിന്റെ പ്രൊഡക്ഷനാണ്. അതിലെ ആദ്യത്തെ സിനിമയാണ് പരിയേറും പെരുമാൾ BA.BL. മാരി സെൽവരാജ് എന്ന സംവിധായകൻ പറയാൻ ഉദ്ദേശിച്ചത് എന്താണോ,അത് കൃത്യമായി എല്ലാവിധ ആളുകളിലും എത്തിക്കുന്ന ഒരു സിനിമ ആയാണ് ഇത് ഒരുക്കിയിട്ടുള്ളത്. സിനിമയുടെ രാഷ്ട്രീയം ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്.എന്നാൽ Nuances വേണ്ടവർക്ക് അതിനും അവസരമുണ്ട്.നാൻ യാർ എന്ന പാട്ട് ഇക്കൊല്ലം കണ്ട ഏറ്റവും നല്ല ക്രിയേറ്റീവ് വർക് ആയിരുന്നു.
സിനിമയുടെ തുടക്കത്തിൽ നായകനും കൂട്ടരും ഒരു ചെറിയ പൊയ്ക പോലുള്ള സ്ഥലത്തു തമ്പടിക്കുന്നത് കാണാം.അവരുടെ വിഭാഗത്തിൽ പെട്ടവർ അവിടെ ഇരിക്കുന്നത് പോലും ഇഷ്ടമില്ലാത്ത ആളുകളെയും നമുക്ക് കാണാം.ഇതിനൊരു അവസാനം ഇല്ലേ എന്ന് ചോദിക്കുമ്പോൾ നമ്മുടെ കൃഷിയിടങ്ങൾ അവരുടെ അടുത്തതും വായും വയറും മാത്രം നമ്മുടെ അടുത്തും ഉള്ളിടത്തോളം കാലം അവസാനമില്ല എന്ന് പറയുന്നുണ്ട്. നമ്മുടെ അച്ഛനപ്പൂപ്പന്മാരായി തുടങ്ങിയ ഈ സമ്പ്രദായം അവസാനിക്കണം എന്നുള്ള ആഗ്രഹത്തിന്മേൽ സിനിമ തുടങ്ങുന്നു.
കറുപ്പി എന്ന് പേരുള്ള ഒരു കറുത്ത നായ ഈ സിനിമയുടെ പ്രധാന കഥാപാത്രമാണ്. സിനിമയുടെ ആദ്യത്തെ പത്തു മിനിറ്റിൽ തന്നെ കറുപ്പി എന്നുള്ള oru ഗാനം വരുന്നുണ്ട്.അതിലെ വരികളിൽ നിന്നും സിനിമയുടെ രാഷ്ട്രീയം എത്രത്തോളം ശക്തമാണ് എന്ന് മനസിലാക്കാം. പരിയനും കറുപ്പിയും തമ്മിലുള്ള ആത്മബന്ധം നമ്മൾ മനസ്സിലാക്കുന്നത് ഒരു ഘട്ടത്തിൽ ജോ നിനക്ക് എങ്ങനെയാണ് എന്നുള്ള ചോദ്യത്തിനുള്ള നായകന്റെ ഉത്തരത്തിന്മേൽ ആണ്.
സിനിമയുടെ തുടക്കത്തിൽ തന്നെ കറുപ്പിയുടെ ദാരുണാന്ത്യം നമ്മൾ കാണുന്നു. മനസ്സ് തകരുന്ന ഒരു വേദനയാണ് അത് കാണുമ്പോൾ.. ഇടയ്ക്കിടെ കറുപ്പി വന്നുപോകുന്നുണ്ട്..പ്രധാന രംഗങ്ങളിൽ എല്ലാം തന്നെ കറുപ്പി എത്തുമ്പോൾ നീലനിറമാണ് കറുപ്പിക്ക്.അതേ..നീല നിറം പറയുന്നു ഈ സിനിമയുടെ തീം എന്താണെന്ന്..
തിരക്കഥയുടെ ശക്തി നമ്മളിൽ എത്തുന്നത് ശക്തമായ കഥാപാത്രങ്ങളിലൂടെയാണ്. പരിയൻ മാത്രമല്ല ഈ സിനിമയിൽ നമ്മുടെ മനസ്സ് കവരുന്നത്..ഒരു 60 വയസ്സിനു മേലുള്ള ഒരു വൃദ്ധനാണ് ഈ സിനിമയിലെ മറ്റൊരു ആകർഷണം . കാഴ്‌ചയിൽ ഒരു സാധുമനുഷ്യനെ പോലെയിരിക്കുന്ന ഇദ്ദേഹം ഹോണർ കില്ലിംഗ് ദൈവത്തിനു വേണ്ടിയെന്ന് പോലെ ചെയ്യുകയാണ്. അതും എല്ലാം അപകടമരണം ആണെന്ന നിലയിൽ അവസാനിക്കുന്നു.
നായകന്റെ അച്ഛന്റെ കഥാപാത്രം ഇന്നേവരെ നമ്മൾ തമിഴ് സിനിമയിൽ കണ്ടിട്ടില്ലാത്ത ഒരാളാണ്. അദ്ദേഹത്തിന്റെ മാനറിസങ്ങളും ആ കഥാപാത്രം സിനിമയിൽ ഉണ്ടാക്കുന്ന ഇമ്പാക്റ്റും വളരെ വലുതാണ്. അദ്ദേഹത്തിന് ഇതുപോലുള്ള അനുഭവങ്ങൾ ഇതിനു മുന്പും ഉണ്ടായിട്ടില്ലേ എന്ന് അമ്മ ചോദിക്കുന്ന സീനുകളൊക്കെ..ഈ സിനിമ ഒരു അനുഭവമാണ്..അനുഭവിച്ചു തന്നെ അറിയണം… സിനിമയിൽ പ്രിൻസിപ്പൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്..അത് മാത്രം മതി നിങ്ങളുടെ മനസ്സ് നിറയാൻ..
നായികയുടെ അച്ഛൻ, കസിൻ ബ്രദർ എന്നിവരുടെ കഥാപാത്രങ്ങൾക്ക് വരെ കൃത്യമായ വ്യക്തിത്വം നൽകിയിട്ടുണ്ട്. യോഗി ബാബു ഈ സിനിമയിൽ കോമിക് റിലീഫ് കൂടാതെ നല്ലൊരു ക്യാരക്ടർ ആക്ടർ ആയും തിളങ്ങിയിരുന്നു. ആനന്ദിയുടെ കഥാപാത്രം സത്യം ഒന്നുമറിയാത്ത ഒരു പാവം പെൺകുട്ടിയാണ്.അവളോടുള്ള നായകന്റെ ബന്ധം ഏതുരീതിയിൽ ആണെന്നത് പോലും വളരെ മനോഹരമായി നമ്മളോട് പറയുന്നുണ്ട്.
സിനിമയിലെ സംഭാഷണങ്ങൾ വളരെ ശ്രദ്ധേയമാണ്. ക്ലൈമാക്സിൽ സാധാരണ ഒരു സിനിമ പോലെ അവസാനിക്കുന്നുമില്ല സിനിമ. രണ്ടു ചായഗ്ലാസ്സിലൂടെ മാരി സെൽവരാജ് പറഞ്ഞ രാഷ്ട്രീയം അത്രയ്ക്ക് ശക്തമാണ്. സിംപിൾ ആണ്..എന്നാൽ പവർഫുൾ ആണെന്ന് പറയും പോലെ..സിനിമയുടെ യഥാർത്ഥ വിജയം എന്തെന്നാൽ ഇത്രയ്ക്കും ബ്രില്യൻറ്റ് ആയുള്ള തിരക്കഥ, പവർഫുൾ പൊളിറ്റിക്സ് ഉള്ള കഥ കാണുന്ന എല്ലാവർക്കും ഒരേപോലെ മനസ്സിലാകും വിധത്തിൽ കമേഴ്ഷ്യലായി പറഞ്ഞ വിധമാണ്. അതിൽ നായകൻ സന്തോഷ് നാരായണൻ ആണ്.
നമ്മെ വല്ലാത്തൊരു അവസ്ഥയിലേക്ക് വലിച്ചിടുന്ന ഇന്റർവെൽ പോയിന്റിലുള്ള BGM മുതൽ സിനിമയിൽ തന്റെ സ്ഥാനം എത്രത്തോളം വലുതാണ് എന്ന് പലപ്പോഴായി സന്തോഷ് നാരായൺ പറഞ്ഞു തരുന്നുണ്ട്. സിനിമയിലെ പാട്ടുകൾ കഥയോട് വളരെ അടുത്ത് നിൽക്കുന്ന ഒന്നാണ്.
⭕The Bad
സിനിമ എല്ലാത്തിനും ഒരു ഉത്തമ ഉദാഹരണമായി കാണാം എന്ന സംഗതി സമ്മതിച്ചു തരുമ്പോഴും വിഷമം വന്നാൽ ഉടൻ മദ്യത്തിൽ അഭയം തേടണം എന്ന് നായകനെ കൊണ്ട് ചെയ്യിപ്പിച്ച മാരി സെൽവരാജിന്റെ രീതിയോട് കടുത്ത എതിർപ്പുണ്ട്. പരിയൻ ആദ്യമായി മദ്യപിക്കുന്നത് സങ്കടവും അപമാനവും ഒരേപോലെ തോന്നുന്ന അവസ്ഥയിലാണ്. ഇങ്ങനെയുള്ള അവസ്ഥകൾ നേരിടുമ്പോൾ മദ്യം ഒരു അഭയമാണെന്നുള്ള ചിന്ത പലരിലും ഉണ്ടാക്കുന്ന സീനായി തന്നെ തോന്നി. ഷണ്മുഖരാജന്റെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഡയലോഗ് കൂടി വരുമ്പോൾ ഈ രണ്ടു സീനുകൾ മനഃപൂർവം മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാകുന്നു.
⭕Repeat Value
പരിയേറും പെരുമാൾ ഒന്നിൽ കൂടുതൽ തവണ കാണാം. ഒരു പെർഫെക്റ്റ് തിരക്കഥയിൽ നല്ല ഡെപ്ത്തുള്ള കഥാപാത്രങ്ങളുടെ ആവാസകേന്ദ്രം. സിനിമയുടെ രാഷ്ട്രീയത്തിന്റെ കാലികപ്രസക്തി കൂടി പരിഗണിക്കുമ്പോൾ സിനിമ രണ്ടാമത് കാണുന്നത് കൂടുതൽ ആസ്വാദനം നൽകും.
ഈ വർഷത്തെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. ഒരു സിനിമ ആയല്ല..ഒരു അനുഭവം ആയാണ് ഇതിനെ കാണുന്നത്…
0 Comments